Friday, September 16, 2011

ഓണം

ഓണം
ഹോസ്റ്റല്‍ ഗേറ്റ്
വാര്‍ഡന്‍ വെളിയില്‍ നിന്ന്
പൂട്ടിയെടുത്ത
കുറച്ചു ദിവസങ്ങളുടെ ഇടക്കൊരു
ദിനം,
ഇലയിട്ടു സദ്യ ഉണ്ടായിരുന്നു-
സദ്യക്കൊടുവില്‍ പായസവും.
ഉപ്പേരി
പിന്നീടുള്ള ദിവസങ്ങളിലും
കാപ്പിക്കൊപ്പം
നാലുമണി കൂട്ടായി.

ബസില്‍, ട്രെയിനില്‍,നിരത്തില്‍
തുണിക്കടയില്‍,ആഭരണ കടയില്‍
തിയേറ്ററില്‍, മദ്യഷോപ്പില്‍
എല്ലായിടത്തും
മടുപ്പിക്കുന്ന തിരക്ക്.
സിനിമകളും താരങ്ങളുമായി,
ചാനലുകള്‍
വല്ലാതെ ചെടിപ്പിച്ചു.

സാരി, മുണ്ട്,പട്ട്, പൊന്ന്, പൂവ്,
ഊഞ്ഞാലുകള്‍-
ക്ലിഷേദ് കാഴ്ചകള്‍.
മുക്കിലും മൂലക്കും മുറ്റങ്ങളിലും
ഉപ്പിലും പൂവിലും
വിരിഞ്ഞ പൂക്കളങ്ങള്‍ക്ക്
ആവര്‍ത്തനത്തിന്റെ നിര്‍വികാരത.

ഒരാഴ്ചയിലെ അവധിക്കൊടുവില്‍,
തിരുത്തിയ ഉത്തരക്കടലാസ് കെട്ടുകള്‍
അടുക്കുമ്പോള്‍
അമ്മയുടെ ദീര്‍ഘനിശ്വാസം-
അങ്ങനെ ഓണാവധിയും കഴിഞ്ഞു!!!!
17-09-2011

Wednesday, August 17, 2011

സാഷെ(SACHET)

സാഷെ(SACHET)
വലിയ പാക്കിംഗ്,
നീണ്ട ഉപയോഗം തീരുവോളം
കൗതുകം കെടുകയില്ലെന്നാര് കണ്ടു?

അച്ചാര്‍, കെച്ചപ്പ്
ഷാമ്പൂ,വാഷിംഗ്‌ പൌഡര്‍...
സാഷേകള്‍ ആണ്  സൗകര്യം!!!

അനുഷ്ഠാനങ്ങള്‍-
യാത്ര, സിനിമ,ഭക്ഷണം,
ജൗളി, രാത്രി.
ദൈര്‍ഘ്യം-
ഒരു കോഴ്സ്, ഒരിടവേള,
ഒരു ജോലി സ്ഥലം, ഒരൊഴിവ് കാലം
ഉപഭോക്താവിന്റെ സംതൃപ്തി,
അതാണ് പ്രധാനം.

നടക്കാനിറങ്ങുമ്പോള്‍
റോഡിനിരുപുറവും
കണ്ടു മുട്ടാറുണ്ട്,
ഉപേക്ഷിക്കപ്പെട്ട സാഷേകള്‍-
നിയോഗമാതായത് കൊണ്ട്
നിസംഗരാകുന്നവര്‍.

 താത്കാലിക ഉപയോഗത്തിന്റെ,
സ്വീകരിക്കാനും നിരാകരിക്കനുമുള്ള
സ്വാതന്ത്ര്യത്തിന്റെ സുഖം,
സാഷേകള്‍ തരുന്നു.

ഭാരമാകാത്ത,
ആകര്‍ഷണീയമായ പാക്കേജ്.
നഷ്ടമില്ലാത്ത,ഖേദമില്ലാത്ത
കച്ചവടം.
16-08-2011.

Monday, February 28, 2011

നനവ്‌

നനവ്‌
വേഗം ചങ്ങാത്തത്തില്‍ ആകുന്നതെല്ലാം-
നനവ്‌, ഈര്‍പ്പം,ജലാംശം-
പിഴിഞ്ഞ് കളഞ്ഞതിന് ശേഷം
അവശേഷിക്കുന്നത്,
കുടഞ്ഞു കളഞ്ഞിട്ടും
ചങ്കിനൊപ്പം മിടിക്കുന്നത്‌,

നേര്‍ത്ത കാറ്റില്‍
ആറ്റിയെടുക്കാം.
ക്ലിപ്പുകുത്തി വെയിലിലിട്ടു,
ഉണക്കിയെടുക്കാം.
ആധുനിക ചൂളയില്‍,
മൊരിചെടുക്കാം.
പായയില്‍,സൂര്യനുകീഴെ
ചിക്കിപ്പരത്തി ഉഷാറാക്കാം.
ചീനച്ചട്ടിയില്‍ വറുത്തെടുക്കാം.
ചിമ്മിനിപ്പുകയില്‍
കരിച്ചുപുകചെടുക്കാം.

കാലങ്ങള്‍ക്ക് അപ്പുറം,
പുറത്തെടുക്കുമ്പോള്‍(കണക്കെടുക്കുമ്പോള്‍)
പൂപ്പലായി പുനരുയിര് തേടുന്നത്-
അകലാന്‍ മടിച്ച നനവ്,
നീക്കിയിരിപ്പാകുന്ന ഈര്‍പ്പം,
മുഷ്ടിക്കുള്ളിലോതുങ്ങുന്ന
അപൂര്‍വ ജലാംശം.

28-2-2011

Sunday, November 7, 2010

പാവം പൂച്ചകള്‍!!!

പാവം പൂച്ചകള്‍!!!
വെളിച്ചത്തില്‍ പിറന്ന്,
നേര്‍ത്ത അന്ധകാരത്തില്‍ വളര്‍ന്ന്,
ഇരുട്ടില്‍ അവസാനിക്കുന്ന,
നീളന്‍ വരാന്ത.
വരാന്തക്കിരുപുറവും
തുറന്നടയുന്ന അനേകം വാതിലുകള്‍.

ഓരോ വാതിലും തുറക്കപ്പെടുന്നത്,
ഓരോ കാരണങ്ങളിലേക്ക്.
ഉദ്ദേശ്യങ്ങള്‍ പതിയിരിക്കുന്ന
മുറികള്‍.
ചിരപരിചിതമായ അടുക്കളയുടെ,
ഉമ്മറത്തിന്റെ,ഊട്ടുമുറിയുടെ
അടുപ്പം തൊട്ടു തീണ്ടാത്ത
മുറികള്‍.

ഇതൊന്നുമറിയാതെ,
നടത്തത്തിന് ഇറങ്ങിയ പൂച്ച!!!
വാതിലുകള്‍ കടന്ന്‌,കാല്‍പ്പനികത തേടി-
വിലക്കപ്പെട്ട കനിയുടെ മധുരം തേടി.

ഒരു പൂച്ചക്കൊരു മുറിയില്‍
കുടുങ്ങാന്‍
എത്ര നേരം വേണം?
വാതില്‍ തുറന്നടയുന്ന  നിമിഷാര്ധങ്ങള്‍.
ഉള്ളിലേക്ക് കടക്കും തോറും
ചുരുള്‍ നിവരുന്ന ഗൂഡ ലക്ഷ്യങ്ങള്‍,
സ്വാര്‍ത്തതകള്‍.
തുടക്കത്തിലേ സംഭ്രമതിനോടുവില്‍,
അനാഥമാകുന്ന ആര്‍ത്തനാദങ്ങള്‍.
മുറികള്‍ക്കുള്ളില്‍ അകപ്പെട്ടു പോകുന്ന
പൂച്ചകള്‍ ഒക്കെയും
കൊത്തി മുറിക്കപ്പെടുന്നു,
കാലാകാലങ്ങളായി!!!


6/11/2010

Thursday, October 7, 2010

വള്ളിചെരുപ്പ്

വള്ളിചെരുപ്പ്
വെയിലും മഴയും മാറിമാറി
മുഖം കാണിച്ച ഒരു പകലില്‍,
ഏതോ ഒരു പെരുവഴിയുടെ
ഓരത്ത് വച്ച്,
എന്നെ തീര്‍ത്തും നിസഹായയാക്കിക്കൊണ്ട്
പൊട്ടിയകന്ന വള്ളിചെരുപ്പ്.

പരുപരുത്ത വഴികളിളിടരിതളര്‍ന്ന
കാലുകള്‍,
മുഖം ചേര്‍ത്ത അത്താണി.
മോഹിച്ചിഷ്ടത്തോടെ
തിരഞ്ഞെടുത്ത സന്തത സഹചാരി.

പൊട്ടാന്‍ സാധ്യധയെ ഇല്ലെന്ന
ഉറപ്പുമായി തുടങ്ങിയ ചങ്ങാത്തം.
പിന്നെ അയഞ്ഞും അകന്നും
എന്നോ പൊട്ടിപ്പോയെക്കാമെന്ന
അപകട സൂചനകളുമായി കുറെ നാള്‍.
ഒടുവിലൊരു യാത്രത്തിരക്കിനിടയില്‍
നിനച്ചിരിക്കാതെ....

ഇറങ്ങിത്തിരിച്ച വഴിയുടെ
അറ്റതോളമെതാന്‍,
മറ്റൊരു ചെരുപ്പിലേക്ക്.
അത് വരെ നഗ്നപാദയായി,മുടന്ധി മുടന്ധി -
ആരേയുമറിയിക്കാതെ.

അങ്ങനെ,
എങ്ങനെയോ എന്നിലേക്ക്‌
വന്നുചേര്‍ന്ന ഒരു ജോഡി ചെരുപ്പ്.
മുന്‍പ് സ്വപ്നത്തില്‍
പരിചയപ്പെട്ടിരുന്നില്ലെങ്ങിലും
,
ഉപയോഗിച്ച്  തുടങ്ങിയപ്പോള്‍
സങ്കല്‍പ്പത്തിലെ  ചെരുപ്പ്.
ഒരുപാട് വള്ളികള്‍ കൊണ്ടെന്നെ
പൊതിഞ്ഞു സൂക്ഷിക്കുന്ന,
ചേര്‍ത്ത് നിര്‍ത്തുന്ന ജാഗ്രതക്കാരന്‍.
വള്ളികള്‍ക്കിടയിലൂടെയും
എന്‍റെ വിരലുകള്‍ക്ക് ശ്വസിക്കാന്‍
ഇടം നല്‍കുന്ന കരുതല്‍.

നന്ദി,
ആകെ രണ്ടു വള്ളികള്‍
വന്നു ചേരുന്നൊരു
ഒറ്റ ബിന്ദുവിലൂടെ മാത്രമായി
എന്‍റെ പാദങ്ങളോട്  അടുത്ത്
വഴിപാടു  പോലെ ചേര്‍ന്ന്
നടക്കുന്നതായി ഭാവിച്ച്,
ഒടുവില്‍ പിരിഞ്ഞ വള്ളിചെരുപ്പിന്.
(ഇനിയൊരിക്കല്‍ക്കൂടി കണ്ടുമുട്ടാതിരിക്കാന്‍,
ആ വഴിയോരത്ത് തന്നെ
ഞാന്‍ ഉപേക്ഷിച്ച വള്ളിചെരുപ്പിന്).
അല്ലെങ്ങില്‍ ഞാനീ
സ്വപ്ന പാദുകങ്ങളെ
പരിചയപ്പെടുകയെ ഇല്ലായിരുന്നു,
സ്വന്തമാക്കുകയും.
                 
 

Tuesday, May 11, 2010

യുനിവേര്സിടി ബസ്

യുനിവേര്സിടി  ബസ്

ദേഷ്യവും സങ്കടവും അരിശവും
പിന്നെയുമെന്തൊക്കെയോ
എന്നാണവള്‍ പറയാറ്!!!

ബസിനായി കാത്തു നില്‍ക്കെ-
കാറില്‍,
ഒഴുകി നീങ്ങുന്നവര്‍.
ബൈക്കില്‍,
കുതിരപ്പുറത്ത്‌ ഏറിയവര്‍.
ബസില്‍,
ആനപ്പുറത്ത് ഇരിക്കുന്നവര്‍.
നിരത്തില്‍,
സഖാക്കള്‍.
അതില്‍ത്തന്നെ,കൂട്ടുള്ളവര്‍
സനാധര്‍.

എല്ലാം ബസ്
കാണുന്നത് വരെയുള്ളൂ-
കാത്തു നില്‍പ്പിന്റെ അക്ഷമ.

കണ്ണില്‍ ഇരുട്ടുറയുന്ന
സന്ധ്യയില്‍,
കൂടണയാന്‍ വെമ്ബാത്ത
പക്ഷികള്‍ അപൂര്ര്‍വം.

സംഭ്രമിപിക്കുന്ന
നഗരത്തിരക്കുകളില്‍,
കാണെകാണേ വന്നു നിറയുന്ന
ഇരുട്ടില്‍,
കഴുകന്‍ നോട്ടങ്ങളില്‍നിന്നോടി
ഒളിക്കാനുള്ള തിടുക്കത്തില്‍,
ഉപദ്രവങ്ങളില്‍ മനം മടുത്തു
അത്താണി തേടുന്ന
നിസഹായതയില്‍-
കാത്തു നില്‍ക്കുന്ന
യുനിവേര്സിടി  ബസ്
(അതില്‍ ഉറപ്പുള്ല്ല ഒരു
ജനലരികിലെ സീറ്റ്‌),
ചെന്നിറങ്ങുന്ന,ചിറകൊതുക്കി
ചേക്കേറുന്ന ഹോസ്റ്റല്‍,
ഒക്കെ അഭയങ്ങള്‍ ആകുന്നു.

പ്രളയ കാലത്തെ
 പേടകം പോലെ,
ഒരിക്കല്‍ പൊതിഞ്ഞു സംരക്ഷിച്ച
ഗര്‍ഭപാത്രം പോലെ,
ശാന്തമായി മുഖം ചേര്ര്‍ത്തു ഉറങ്ങുന്ന
നെഞ്ചു പോലെ.

Wednesday, April 21, 2010

വേനല്‍

വേനല്‍
ഊഷരയാണ്, വരണ്ടതാണ്,
പരുക്കനാണ്, കനിവില്ലാത്തതാണ്
വേനലെന്നാര് പറഞ്ഞു?
ശരിയാണ്,
തീരെ നനവില്ലാത്ത കാറ്റു,
ദയയില്ലാത്ത ഉഷ്ണം,
മടിച്ചുമടിച്ച്
മഴമേഘങ്ങള്‍.

അഹങ്ക്ഗരിക്കാന്‍ മഴയ്ക്ക്‌
പരശതം മഴത്തുള്ളികളുടെ
പൈതൃകസ്വത്ത്.
ആനന്ദിക്ക്കാന്‍ മഞ്ഞിന്
കുളിരിന്റെ  തഴുകുന്ന കരങ്ങള്‍.
നീക്കിയിരിപ്പും കരുതല്ധനവുമില്ലത്ത
വേനല്‍,
ദുസഹയാകുന്നു.
മഞ്ഞിനും മഴക്കുമിടയില്‍
ഒഴിഞ്ഞ പത്തായം പോലെ,
കൊള്ളയടിക്കപ്പെട്ടവല്‍.

മഴയുടെ ഉദാരധയായി,
വേനലിന്റെ ഗര്‍ഭ പാത്രത്തിലെക്കെ
ഇത്തിരി നീരിന്റെ ബാക്കിയിരുപ്പ്‌.
മഞ്ഞിന്റെ ഔദാര്യമായി,
കുളിരിന്റെ നേര്‍ത്ത പുലര്‍കാല  പുതപ്പ്‌.
എന്നിട്ടും വേനല്‍
പൊട്ടും പൊടിയുമായി
കിട്ടുന്നതൊക്കെയും സ്വരുക്കൂട്ടുന്നു,
ഇരുട്ടി വെളുക്കുമ്പോള്‍
കണ്ണ് പൊത്തി നടത്തുന്നു,
വിഷുക്കാഴ്ചയുടെ
 സമൃധിയിലെക്കെ


വിഷുവിന്റെ നിറക്കാഴ്ചകള്‍
ഉയിര്‍പ്പിന്റെ പ്രത്യാശ-
ഒക്കെ വേനലിന് സ്വന്തം.

ഒരു പാട് പൂക്കളെ കൂട്ടത്തോടെ
ഉമ്മ കൊടുത്തുണര്‍ത്തുന്നത്,
അധികവും കായി കനികളെ
പ്രസവിച്ചു പാലൂട്ടി വളര്‍ത്തുന്നത്
വേനലല്ലേ?


അപാര ക്ഷമയുള്ള വേനല്‍
നാനാ ദിക്കുകളില്‍ ചിതറി തെറിച്ചവയെയെല്ലാം
തടുത്തുകൂട്ടി ഒരുമിപ്പിക്കുന്ന
ആദിധേയത്വം-
മുറ്റത്തു ഓടിക്കളിച്ചു തിമിര്‍ക്കുന്ന
കലപിലകൂട്ടം-
ഉര്‍വരമായതിനെയോക്കെയും
നെഞ്ചോടടുപ്പിച്ചു നില്‍ക്കുന്ന
മാതൃ സങ്ക്ഗല്‍പ്പം.

(വിയരത്തുരുകി ഇല്ലാതാകുന്ന ഒരു വേനലിന്റെ ഏതോ യാമത്തില്‍ നിന്ന്)