Thursday, October 7, 2010

വള്ളിചെരുപ്പ്

വള്ളിചെരുപ്പ്
വെയിലും മഴയും മാറിമാറി
മുഖം കാണിച്ച ഒരു പകലില്‍,
ഏതോ ഒരു പെരുവഴിയുടെ
ഓരത്ത് വച്ച്,
എന്നെ തീര്‍ത്തും നിസഹായയാക്കിക്കൊണ്ട്
പൊട്ടിയകന്ന വള്ളിചെരുപ്പ്.

പരുപരുത്ത വഴികളിളിടരിതളര്‍ന്ന
കാലുകള്‍,
മുഖം ചേര്‍ത്ത അത്താണി.
മോഹിച്ചിഷ്ടത്തോടെ
തിരഞ്ഞെടുത്ത സന്തത സഹചാരി.

പൊട്ടാന്‍ സാധ്യധയെ ഇല്ലെന്ന
ഉറപ്പുമായി തുടങ്ങിയ ചങ്ങാത്തം.
പിന്നെ അയഞ്ഞും അകന്നും
എന്നോ പൊട്ടിപ്പോയെക്കാമെന്ന
അപകട സൂചനകളുമായി കുറെ നാള്‍.
ഒടുവിലൊരു യാത്രത്തിരക്കിനിടയില്‍
നിനച്ചിരിക്കാതെ....

ഇറങ്ങിത്തിരിച്ച വഴിയുടെ
അറ്റതോളമെതാന്‍,
മറ്റൊരു ചെരുപ്പിലേക്ക്.
അത് വരെ നഗ്നപാദയായി,മുടന്ധി മുടന്ധി -
ആരേയുമറിയിക്കാതെ.

അങ്ങനെ,
എങ്ങനെയോ എന്നിലേക്ക്‌
വന്നുചേര്‍ന്ന ഒരു ജോഡി ചെരുപ്പ്.
മുന്‍പ് സ്വപ്നത്തില്‍
പരിചയപ്പെട്ടിരുന്നില്ലെങ്ങിലും
,
ഉപയോഗിച്ച്  തുടങ്ങിയപ്പോള്‍
സങ്കല്‍പ്പത്തിലെ  ചെരുപ്പ്.
ഒരുപാട് വള്ളികള്‍ കൊണ്ടെന്നെ
പൊതിഞ്ഞു സൂക്ഷിക്കുന്ന,
ചേര്‍ത്ത് നിര്‍ത്തുന്ന ജാഗ്രതക്കാരന്‍.
വള്ളികള്‍ക്കിടയിലൂടെയും
എന്‍റെ വിരലുകള്‍ക്ക് ശ്വസിക്കാന്‍
ഇടം നല്‍കുന്ന കരുതല്‍.

നന്ദി,
ആകെ രണ്ടു വള്ളികള്‍
വന്നു ചേരുന്നൊരു
ഒറ്റ ബിന്ദുവിലൂടെ മാത്രമായി
എന്‍റെ പാദങ്ങളോട്  അടുത്ത്
വഴിപാടു  പോലെ ചേര്‍ന്ന്
നടക്കുന്നതായി ഭാവിച്ച്,
ഒടുവില്‍ പിരിഞ്ഞ വള്ളിചെരുപ്പിന്.
(ഇനിയൊരിക്കല്‍ക്കൂടി കണ്ടുമുട്ടാതിരിക്കാന്‍,
ആ വഴിയോരത്ത് തന്നെ
ഞാന്‍ ഉപേക്ഷിച്ച വള്ളിചെരുപ്പിന്).
അല്ലെങ്ങില്‍ ഞാനീ
സ്വപ്ന പാദുകങ്ങളെ
പരിചയപ്പെടുകയെ ഇല്ലായിരുന്നു,
സ്വന്തമാക്കുകയും.