Sunday, December 4, 2011

അങ്ങനെയും ചില ചാമ്പക്കകള്‍



ഡിസംബറിന്റെ കയ്യൊപ്പുള്ള
മണം, മഞ്ഞ്,
ചുവന്നു തുടുത്ത ചാമ്പക്കകള്‍.

ഡിസംബറിന്റെ മണം,
മഞ്ഞിന്റെതെന്നു പ്രണയിക്കുന്നവള്‍ -
രക്ത ദാഹിയായ യക്ഷി കുടി കൊള്ളുന്ന
പാല പൂത്തതെന്നു
പരിത്യക്തനായ കാമുകന്‍.

ചാംബക്കകളോട് ഒരിക്കലും
കൌതുകം കെടാത്ത ഒരു കുട്ടി-
ചാമ്പക്കകള്‍,
തല്ലിക്കൊഴിക്കാന്‍ മടിയുമായി
മരച്ചോട്ടില്‍.
തല്ലിക്കൊഴിച്ചു നേടുന്നതൊക്കെയും
കൃത്യം കൈക്കുള്ളില്‍ ഒതുങ്ങുമെന്ന്
എന്താണ് ഉറപ്പ്?

ഓരോ ചാമ്പ മര ചോടും
ഓരോ ശവ പറമ്പാണ്-
കൈക്കുള്ളില്‍ ഒതുങ്ങുന്നതിലും ഏറെ
നിലത്തു വീണു,
ചിതറി നഷ്ടപ്പെടുന്ന ചാമ്പക്കകള്‍.
കാലത്തോടൊപ്പം മായ്ക്കപ്പെടുന്നവ.

അത് കൊണ്ട്,
കണ്ടു കൊണ്ടിരിക്കാന്‍.......
ചിലപ്പോള്‍
ദൂരെ ദൂരെ ടെറസ്സില്‍ നിന്ന്,
മറ്റു ചിലപ്പോള്‍,വളരെ അടുത്ത്
മരച്ചോട്ടില്‍ നിന്ന്-
ഏതെങ്കിലും കൊമ്പുകളില്‍
മൂത്ത്  പഴുക്കാന്‍ ..........
ആ ചാംബക്കകളെ
ഞാന്‍ വെറുതെ വിടുന്നു.
എന്നിലേക്ക്‌ എത്തി ചേരേണ്ടുന്നവക്ക്
വഴി തെറ്റില്ല എന്നാണ് ആത്മ വിശ്വാസം.


 NB:-ഒരിക്കലും തുറന്നു  പറയാനിടയില്ലാത്ത ചില പ്രണയങ്ങളെ  കുറിച്ച്


Thursday, October 27, 2011

പെണ്മ

കണക്കുകളുടെ കാണാ മറയത്ത്
ലക്ഷോപലക്ഷം ഗര്‍ഭപാത്രങ്ങളില്‍
നിന്ന്,
പെണ്‍ മരങ്ങളെ കടപുഴക്കിയ
ബുള്‍ടോസറുകളോട് പറയൂ-
പ്രസവിക്കാന്‍ ഗര്‍ഭപാത്രം വേണ്ടെന്നു
ശാസ്ത്രത്തെ കൊണ്ട് പറയിക്കാന്‍.

ആദ്യ കരച്ചിലിന് മീതെ
ഒരു മണി അരി കൊണ്ട്
ശ്വാസം കെടുത്തിയ
പേറ്റിച്ചി കൈകളോട് പറയൂ-
ശ്വാസം ഊതുയൂതി ,
ഊട്ടി വളര്‍ത്തിയ
ആണ്‍ മക്കളില്‍ നിന്ന്
ആണ്‍ മക്കള്‍ക്ക്‌ ജനിക്കുന്ന
ഉണ്ണികളെ കൊണ്ട്
വായിക്കരി ഇടുവിക്കാന്‍.

ഉയിരോടെ മണ്‍ കലങ്ങളില്‍
കുഴിച്ചു മൂടിയ കാടത്തത്തെ കൊണ്ട്
പറയിക്കൂ-
സീതായനം കേട്ട് കേള്‍വി
മാത്രമാണെന്ന്.

കാലാ കാലങ്ങളായി,
നിശബ്ദമായി,നിര്‍വികാരമായി
തുടച്ചു നീക്കപ്പെട്ടു കൊണ്ടിരിക്കുന്ന
മണ്ണ്.

കൊയ്യാനും മെതിക്കാനും
അറപ്പുരകളില്‍ ശേഖരിക്കാനും
വെമ്പല്‍ കൊള്ളുന്നവരെ
നിങ്ങള്‍ കാണുന്നില്ലേ,
മണ്ണില്ലാതെ
നിങ്ങളുടെ വിത്തുകള്‍
അനാഥമാകുന്നത്?

28-10-2011

N.B. പെണ്‍ ഭ്രൂണഹത്യകളെകുറിച്ച്, ജനസംഖ്യയില്‍ കുറയുന്ന സ്ത്രീ അനുപാതത്തെ കുറിച്ച്...

Friday, September 16, 2011

ഓണം

ഓണം
ഹോസ്റ്റല്‍ ഗേറ്റ്
വാര്‍ഡന്‍ വെളിയില്‍ നിന്ന്
പൂട്ടിയെടുത്ത
കുറച്ചു ദിവസങ്ങളുടെ ഇടക്കൊരു
ദിനം,
ഇലയിട്ടു സദ്യ ഉണ്ടായിരുന്നു-
സദ്യക്കൊടുവില്‍ പായസവും.
ഉപ്പേരി
പിന്നീടുള്ള ദിവസങ്ങളിലും
കാപ്പിക്കൊപ്പം
നാലുമണി കൂട്ടായി.

ബസില്‍, ട്രെയിനില്‍,നിരത്തില്‍
തുണിക്കടയില്‍,ആഭരണ കടയില്‍
തിയേറ്ററില്‍, മദ്യഷോപ്പില്‍
എല്ലായിടത്തും
മടുപ്പിക്കുന്ന തിരക്ക്.
സിനിമകളും താരങ്ങളുമായി,
ചാനലുകള്‍
വല്ലാതെ ചെടിപ്പിച്ചു.

സാരി, മുണ്ട്,പട്ട്, പൊന്ന്, പൂവ്,
ഊഞ്ഞാലുകള്‍-
ക്ലിഷേദ് കാഴ്ചകള്‍.
മുക്കിലും മൂലക്കും മുറ്റങ്ങളിലും
ഉപ്പിലും പൂവിലും
വിരിഞ്ഞ പൂക്കളങ്ങള്‍ക്ക്
ആവര്‍ത്തനത്തിന്റെ നിര്‍വികാരത.

ഒരാഴ്ചയിലെ അവധിക്കൊടുവില്‍,
തിരുത്തിയ ഉത്തരക്കടലാസ് കെട്ടുകള്‍
അടുക്കുമ്പോള്‍
അമ്മയുടെ ദീര്‍ഘനിശ്വാസം-
അങ്ങനെ ഓണാവധിയും കഴിഞ്ഞു!!!!
17-09-2011

Wednesday, August 17, 2011

സാഷെ(SACHET)

സാഷെ(SACHET)
വലിയ പാക്കിംഗ്,
നീണ്ട ഉപയോഗം തീരുവോളം
കൗതുകം കെടുകയില്ലെന്നാര് കണ്ടു?

അച്ചാര്‍, കെച്ചപ്പ്
ഷാമ്പൂ,വാഷിംഗ്‌ പൌഡര്‍...
സാഷേകള്‍ ആണ്  സൗകര്യം!!!

അനുഷ്ഠാനങ്ങള്‍-
യാത്ര, സിനിമ,ഭക്ഷണം,
ജൗളി, രാത്രി.
ദൈര്‍ഘ്യം-
ഒരു കോഴ്സ്, ഒരിടവേള,
ഒരു ജോലി സ്ഥലം, ഒരൊഴിവ് കാലം
ഉപഭോക്താവിന്റെ സംതൃപ്തി,
അതാണ് പ്രധാനം.

നടക്കാനിറങ്ങുമ്പോള്‍
റോഡിനിരുപുറവും
കണ്ടു മുട്ടാറുണ്ട്,
ഉപേക്ഷിക്കപ്പെട്ട സാഷേകള്‍-
നിയോഗമാതായത് കൊണ്ട്
നിസംഗരാകുന്നവര്‍.

 താത്കാലിക ഉപയോഗത്തിന്റെ,
സ്വീകരിക്കാനും നിരാകരിക്കനുമുള്ള
സ്വാതന്ത്ര്യത്തിന്റെ സുഖം,
സാഷേകള്‍ തരുന്നു.

ഭാരമാകാത്ത,
ആകര്‍ഷണീയമായ പാക്കേജ്.
നഷ്ടമില്ലാത്ത,ഖേദമില്ലാത്ത
കച്ചവടം.
16-08-2011.

Monday, February 28, 2011

നനവ്‌

നനവ്‌
വേഗം ചങ്ങാത്തത്തില്‍ ആകുന്നതെല്ലാം-
നനവ്‌, ഈര്‍പ്പം,ജലാംശം-
പിഴിഞ്ഞ് കളഞ്ഞതിന് ശേഷം
അവശേഷിക്കുന്നത്,
കുടഞ്ഞു കളഞ്ഞിട്ടും
ചങ്കിനൊപ്പം മിടിക്കുന്നത്‌,

നേര്‍ത്ത കാറ്റില്‍
ആറ്റിയെടുക്കാം.
ക്ലിപ്പുകുത്തി വെയിലിലിട്ടു,
ഉണക്കിയെടുക്കാം.
ആധുനിക ചൂളയില്‍,
മൊരിചെടുക്കാം.
പായയില്‍,സൂര്യനുകീഴെ
ചിക്കിപ്പരത്തി ഉഷാറാക്കാം.
ചീനച്ചട്ടിയില്‍ വറുത്തെടുക്കാം.
ചിമ്മിനിപ്പുകയില്‍
കരിച്ചുപുകചെടുക്കാം.

കാലങ്ങള്‍ക്ക് അപ്പുറം,
പുറത്തെടുക്കുമ്പോള്‍(കണക്കെടുക്കുമ്പോള്‍)
പൂപ്പലായി പുനരുയിര് തേടുന്നത്-
അകലാന്‍ മടിച്ച നനവ്,
നീക്കിയിരിപ്പാകുന്ന ഈര്‍പ്പം,
മുഷ്ടിക്കുള്ളിലോതുങ്ങുന്ന
അപൂര്‍വ ജലാംശം.

28-2-2011