Wednesday, February 22, 2012

അറ്റകുറ്റങ്ങള്‍

      
ഞങ്ങള്‍ മക്കള്‍ മൂന്നു പേര്‍-
പിതൃവഴിയിലൂടെയുറച്ച
നല്ല ഗുണങ്ങളുടെ
വീതം വയ്പ്പിലാണമ്മ.

അപ്പന്റെ പെങ്ങളുടെ
പോര്, പക, കുന്നായ്മകളുടെ
പകര്‍ച്ച മൂത്തവള്‍ക്കാണെന്ന്!!!

വല്യപ്പന്റെ പിടിപ്പുകേടിന്റെ
ഒസ്യത്ത്‌, നടുവിലാനിലേക്ക്!!!

വല്യമ്മച്ചിയുടെ തട്ടിപ്പും മത്തങ്ങയും
പൊടിപ്പും തൊങ്ങലും
പണിവൃത്തിയും ഇളയവള്‍ക്ക്‌ !!!

എന്നിട്ടും കണക്കില്‍പ്പെടാതെ,
പരാമര്‍ശ വിധേയമാകാതെ,
വഴുതുന്ന നല്ലതുകള്‍
സ്വന്തം വീട്ടുകാരുടെ സുകൃതം!!!

അമ്മക്കണ്ണുകളിലെ അയല്പ്പക്കപ്പച്ച,
അമ്മ മണങ്ങളിലെ,
മണമില്ലാത്ത മുറ്റത്തെ മുല്ല!!!

പണ്ടേ അമ്മ,പിന്നെ ടീച്ചര്‍-
ശര്‍ക്കര പന്തലില്‍, തേന്‍ മഴ

22-02-2012

Sukham- Kerala Kaumudi


Tuesday, February 21, 2012

സുഖം


                          
ഒരു പകല്‍ മുഴുവന്‍
വരണ്ടിരിക്കുന്ന
ചെടിച്ചുവട്ടിലേക്ക്,
നാലുമണിക്ക് തളിക്കുന്ന
ഇത്തിരി വെള്ളം,
സുഖമാണ്.

ഒരു ദിവസം മുഴുവന്‍
നാക്കിട്ടലച്ചു പഠിപ്പിക്കുന്ന
ടുടൊരിഅല്  കോളേജ് അധ്യാപകന്റെ
തൊണ്ടയിലൂടെ
നാലുമണിക്ക്
അരിച്ചിറങ്ങുന്ന
ഇളം ചൂടുള്ള ചായ,
സുഖമാണ്.

ഒരു ജന്മം മുഴുവന്‍
വരണ്ടു കിടന്ന
തരിശു ഭൂമിയിലേക്ക്‌,
പെയ്യ്തിറങ്ങുന്ന
അപൂര്‍വമായ
വേനല്‍മഴ,
സുഖമാണ്,
ജീവിതമാണ്.

കണ്ണ്  തുറക്കുമ്പോള്‍
തുടങ്ങുന്ന ഓട്ടം.
കയറിയും ഇറങ്ങിയും
കാല്‍ കഴച്ചും കുഴഞ്ഞും,
സന്ധ്യയാകുമ്പോള്‍
മുകളിലാകാശവും
താഴെ ഭൂമിയും
കണ്ണില്‍ ഇരുട്ടുമായി
തെക്കോട്ട്‌ ദര്‍ശനമായി,
നീണ്ടു നിവര്ന്നുള്ള
കിടപ്പ്,
സുഖമാണ്.

Sunday, February 12, 2012

ബക്കറ്റിലെ വെള്ളം


അധികമാരും കടന്നു വന്നിട്ടില്ലാത്ത
വരാന്തയുടെ അങ്ങേകോണില്‍,
എല്ലായിടത്തും എത്തുന്ന
വെളിച്ചം കൂടി മടിച്ചു നില്‍ക്കുന്ന
നിശബ്ദ തുരുത്തില്‍,
ബക്കെറ്റില്‍ സൂക്ഷിച്ചിരിക്കുന്ന
വെള്ളത്തിന്‌ എന്ത് തണുപ്പാണ്!
ഓര്‍ത്തെടുക്കാന്‍
പ്രയാസമുള്ള നനവോ?
ഓമനിക്കാന്‍
സുഖമുള്ള  കനിവോ?

ഭിത്തിക്കപ്പുറം പകല്‍.
വെയില്‍ തെളിയുകയും
കാറ്റു വീശുകയും
ദിവസം കൊഴിയുകയും
ചെയ്യുന്നു.
ഇതൊന്നുമറിയാതെ,
പുറമേ നിന്ന് തണുപ്പ് മാത്രം
വലിച്ചെടുത്തു സ്വന്തമാക്കി
അടുക്കിപ്പിടിച്ച്,
ബക്കറ്റിലെ വെള്ളം.

പൈപ്പിലൂടെ വെള്ളം തിരക്കിട്ടൊഴുകുമ്പോള്‍
ചെയ്യ്തു തീര്‍ക്കാന്‍ എന്തെന്തു ജോലികള്‍.
അവസാന തുള്ളിയും തീര്‍ന്നു
തനിച്ചാവുമ്പോള്‍,
ഈ  ബക്കെറ്റും അതിലെ വെള്ളവും
തന്നെ ശരണം.

തീരെ ഗതി കെടുമ്പോള്‍
മുഖമൊന്നു കഴുകാന്‍,
പുത്തന്‍ ഉണര്‍വുമായി
തിരക്കിലാകാന്‍,
ഒന്നിനും അല്ലെങ്കില്‍
തണുത്തുറഞ്ഞ വെള്ളത്തിന്റെ
കരളില്‍ കൈയിറക്കി തുഴഞ്ഞു,
അലിവുള്ള തണുപ്പറിയാന്‍,
ഓളങ്ങളുണ്ടാക്കി,
ആ കടവിലേക്ക് നടന്നടുക്കാന്‍.

ആദ്യമായി നീരിനെ
അടുത്തറിഞ്ഞപ്പോള്‍,
വേണ്ടുവോളംഎന്നിലേക്ക്‌
ഒഴുകിയിറങ്ങിയപ്പോള്‍,
ഇങ്ങനെയൊരു പാത്രത്തില്‍
സൂക്ഷിച്ചിരുന്നില്ലെങ്കില്‍
എന്‍റെ ദൈവങ്ങളെ!
ഈ മഴ നിഴല്‍ പ്രദേശത്ത്
എനിക്കെങ്ങനെയാണ്
ജീവനം ഉന്തിതള്ലാന്‍
കഴിയുക?

ഇനി പറയാലോ
എനിക്കുമുണ്ട് സ്വന്തമായി,
വെളിച്ചം കടക്കാത്ത കോണില്‍,
ഒരു പാത്രം
തണുത്ത വെള്ളം!!!