Monday, February 28, 2011

നനവ്‌

നനവ്‌
വേഗം ചങ്ങാത്തത്തില്‍ ആകുന്നതെല്ലാം-
നനവ്‌, ഈര്‍പ്പം,ജലാംശം-
പിഴിഞ്ഞ് കളഞ്ഞതിന് ശേഷം
അവശേഷിക്കുന്നത്,
കുടഞ്ഞു കളഞ്ഞിട്ടും
ചങ്കിനൊപ്പം മിടിക്കുന്നത്‌,

നേര്‍ത്ത കാറ്റില്‍
ആറ്റിയെടുക്കാം.
ക്ലിപ്പുകുത്തി വെയിലിലിട്ടു,
ഉണക്കിയെടുക്കാം.
ആധുനിക ചൂളയില്‍,
മൊരിചെടുക്കാം.
പായയില്‍,സൂര്യനുകീഴെ
ചിക്കിപ്പരത്തി ഉഷാറാക്കാം.
ചീനച്ചട്ടിയില്‍ വറുത്തെടുക്കാം.
ചിമ്മിനിപ്പുകയില്‍
കരിച്ചുപുകചെടുക്കാം.

കാലങ്ങള്‍ക്ക് അപ്പുറം,
പുറത്തെടുക്കുമ്പോള്‍(കണക്കെടുക്കുമ്പോള്‍)
പൂപ്പലായി പുനരുയിര് തേടുന്നത്-
അകലാന്‍ മടിച്ച നനവ്,
നീക്കിയിരിപ്പാകുന്ന ഈര്‍പ്പം,
മുഷ്ടിക്കുള്ളിലോതുങ്ങുന്ന
അപൂര്‍വ ജലാംശം.

28-2-2011